‘ഞങ്ങളിനി എം.ബി.ബി.എസ് കഴിഞ്ഞിട്ട് കരാട്ടയും
കുങ്ഫുവും പഠിക്കണോ’?; ആരോഗ്യമന്ത്രിയോട് ചോദ്യവുമായി ഡോക്ടര്‍മാര്‍
കൊച്ചി: കൊട്ടാരക്കരയില്‍ യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രതികരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡോക്ടര്‍മാര്‍. ഡോ. വന്ദനയ്ക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്ന പരാമര്‍ശമാണ് വിവാദമായത്. മന്ത്രിയുടെ പ്രസ്താവനക്കെതിരെ പരസ്യ പ്രതിഷേധവുമായി ഡോക്ടര്‍മാര്‍ രംഗത്തെത്തി. ‘ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി പറഞ്ഞു, ആ കുട്ടിക്ക് വേണ്ടത്ര എക്സ്പീരിയന്‍സ് ഇല്ലായിരുന്നെന്ന്. എന്താണ് മന്ത്രി ഉദ്ദേശിച്ച എക്പീരിയന്‍സെന്ന് മന്ത്രി കൃത്യമായും വ്യക്തമായും പറഞ്ഞുതരണം. ഞങ്ങളിനി എം.ബി.ബി.എസ് കഴിഞ്ഞിട്ട് കരാട്ടയും കുങ്ഫുവും
പഠിക്കണോ..അതൊന്ന് വ്യക്തമാക്കിത്തരണം…’ ഡോക്ടര്‍മാര്‍ ചോദിച്ചു. ‘മന്ത്രി ഉദ്ദേശിച്ചത് തല്ലുണ്ടാക്കിയ എക്സ്പീരിയന്‍സാണോ,അല്ലെങ്കില്‍ ആയുധ പരിശീലനമാണോ, കമാന്റോ ട്രെയിനിങ്ങാണോ.. മെഡിക്കല്‍ കരിക്കുലത്തില്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. ഇങ്ങനെ ദാരുണമായി മരിക്കാനോ മറ്റുള്ളവരുടെ അടികൊള്ളാനോ ഉള്ള ആള്‍ക്കാരല്ല ഞങ്ങള്‍..’ കളമശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ചോദിക്കുന്നു.
ഡോക്ടര്‍മാരെ ആക്രമിക്കുന്ന സംഭവത്തില്‍ നടപടിയുണ്ടാകണമെന്ന് പല തവണ ആവശ്യപ്പെട്ടതാണ്. വേണമെങ്കില്‍ ഡോക്ടര്‍മാര്‍ തല്ലുകൊള്ളേണ്ടവരായിരുന്നെന്ന് നിയമസഭയില്‍ നിന്ന് ഒരു എം.എല്‍.എ പറഞ്ഞിട്ടുണ്ട്. ആ നാട്ടിലാണ് ഞങ്ങളൊക്കെ ജീവിക്കുന്നത് …’ അവര്‍ പറയുന്നു. ആശുപത്രിയില്‍ മതിയായ സുരക്ഷാ സംവിധാനം ഉണ്ടായിരുന്നുവെന്നും വന്ദനയുടെ പരിചയക്കുറവ് തിരിച്ചടിയായി എന്നുമായിരുന്നു ആരോഗ്യ മന്ത്രിയുടെ വാദം. ആക്രമണം ഉണ്ടായപ്പോള്‍ കുട്ടി ഭയന്നിട്ടുണ്ടെന്ന് ആശുപത്രിയിലെ ഡോക്ടര്‍ അറിയിച്ചു. ഓടാന്‍ കഴിയാതെ വീണുപോയപ്പോഴാണ് വന്ദന അക്രമിക്കപ്പെട്ടതെന്നും മന്ത്രിയുടെ ന്യായീകരണം.ഇതിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.എന്നാല്‍ ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ വളച്ചൊടിച്ചു. ഇത്തരത്തില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നത് ക്രൂരതയാണെന്നും ആരോഗ്യമന്ത്രി പിന്നീട് പറഞ്ഞു.