വീട്ടിലെത്തിയതിന്റെ പിറ്റേന്നാൾ കോളേജ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ
കാസർകോട്: കോളേജ് ഹോസ്റ്റലിൽ നിന്ന് വീട്ടിലെത്തിയതിന്റെ പിറ്റേന്നാൾ വിദ്യാർത്ഥിനിയെ
കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മാടായി സൗത്ത് എൽ.പി സ്കൂളിലെ
അധ്യാപകൻ കാഞ്ഞങ്ങാട്, മാവുങ്കാൽ ചൈതന്യയിൽ ദേവദാസിന്റെയും സ്മിതയുടെയും മകൾ
ദേവിക ദാസ് (22)ആണ് മരിച്ചത്. കോട്ടയം സി.എം.എസ് കോളേജിലെ രണ്ടാംവർഷ സുവോളജി
വിദ്യാർത്ഥിനിയാണ്. കോട്ടയത്ത് നിന്നു വ്യാഴാഴ്ചയാണ് ദേവിക മാവുങ്കാലിലെ വീട്ടിലെത്തിയത്.
വെള്ളിയാഴ്ച രാവിലെ വളരെ സന്തോഷവതിയായി കാണപ്പെട്ട ദേവികയെ ഉച്ചയോടെയാണ് ഇരുനില വീട്ടിലെ മുറിയ്ക്കകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ വാതിൽ തുറന്നില്ല. തുറക്കാൻ ശ്രമിച്ചപ്പോൾ അകത്ത് നിന്ന് കുറ്റിയിട്ടിട്ടുള്ളതായി വ്യക്തമായി. തുടർന്ന് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൊസൂർദ് പൊലീസ് കേസെടുത്തു. മൃതദേഹം ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തി.