സംസ്ഥാനത്ത് പോളിങ് 50% പിന്നിട്ടു; കൂടുതല്‍ കണ്ണൂരില്‍, കുറവ് പൊന്നാനിയില്‍
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പോളിങ് അന്‍പത് ശതമാനം പിന്നിട്ടു. 3.15 വരെ 52.25% വോട്ടര്‍മാര്‍ പോളിങ് രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക്. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പോളിങ്- 54.96%. പൊന്നാനിയിലാണ് കുറവ്- 47.59%
രാവിലെ ഏഴുമുതല്‍ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. കടുത്ത ചൂട് കാരണം പലരും രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്താന്‍ തീരുമാനിച്ചതോടെ പല ബൂത്തുകളിലും തിരക്ക് കൂടി.
സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്, മന്ത്രിമാരായ ജെ.ചിഞ്ചുറാണി, വി.അബ്ദുറഹിമാന്, എം.ബി.രാജേഷ്, കൃഷ്ണന്‍കുട്ടി, കെ.രാധാകൃഷ്ണന്, വീണാ ജോർജ്, പി.പ്രസാദ്, സിനിമാ താരങ്ങളായ ടൊവിനോ തോമസ്, ഫഹദ് ഫാസില്‍, ശ്രീനിവാസൻ തുടങ്ങിയവരും ആദ്യമണിക്കൂറുകളിൽ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തു.
രാവിലെ ആറിന് പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്പോൾ ആരംഭിച്ചു. ഏഴോടെ വോട്ടെടുപ്പ് തുടങ്ങി. 2,77,49,159 വോട്ടർമാരാണ് വിധിയെഴുതുന്നു. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ്. വൈകിട്ട് ആറ് വരെ വോട്ടിങ് തുടരും. സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്.
പ്രശ്നബാധിതബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 30,238 -വോട്ടിങ് യന്ത്രങ്ങൾ, 30,238 – ബാലറ്റ് യൂണിറ്റുകൾ, 30,238 – കൺട്രോൾ യൂണിറ്റ്, 32,698 – വി.വി. പാറ്റുകളാണ് വോട്ടെടുപ്പിനായി ക്രമീകരിച്ചിട്ടുള്ളത്. .