സ്വർണ വില 54000 കടന്നു; രണ്ട് മാസത്തിനുള്ളിൽ വർധിച്ചത് 8,000 രൂപയിലേറെ
കേരളത്തിൽ സ്വർണവില വൻ കുതിപ്പിൽ. ദിവസങ്ങളായി തുടരുന്ന മുന്നേറ്റം ഇന്നും പ്രകടമാണ്. 54000 രൂപ കടന്ന് കുതിക്കുന്ന സ്വർണം എവിടെ നിൽക്കുമെന്ന് പറയാൻ പറ്റാത്ത അവസ്ഥയാണ്. ചൊവാഴ്ച പവന്റെ വില 720 രൂപ കൂടി 54,360 രൂപയിലെത്തി. ഗ്രാമിന്റെ വിലയാകട്ടെ 90 രൂപ വർധിച്ച് 6,795 രൂപയുമായി.53,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. വരും ദിവസങ്ങളിലും സ്വർണവിലയിൽ വലിയ കുറവ് പ്രതീക്ഷിക്കാൻ വകയില്ല. ഡോളർ മൂല്യം വർധിപ്പിച്ചിട്ടുണ്ട്. രൂപ ഇടിയുകയാണ്. എണ്ണ വിലയിൽ നേരിയ മുന്നേറ്റമുണ്ട്. ഈ മാസം രണ്ടിനാണ് ഏപ്രിലിലെ ഏറ്റവും കുറഞ്ഞ നിരക്ക് സ്വർണത്തിന് രേഖപ്പെടുത്തിയത്. അന്ന് 50680 രൂപയായിരുന്നു പവൻ വില. പിന്നീട് വൻ കുതിപ്പാണ് നടത്തിയത്. ഓരോ ദിവസവും സംഖ്യയിൽ വലിയ മാറ്റമുണ്ടായി. ഒരു ദിവസം രണ്ട് തവണ വില കയറുന്ന അപൂർവ മാറ്റവും വിപണിയിൽ പ്രകടമായി. ഇതോടെ രണ്ട് മാസത്തിനുള്ളിൽ 8,000 രൂപയിലേറെയാണ് വർധനവുണ്ടായത്. നിലവിലെ വിലയ്ക്ക് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ അഞ്ച് ശതമാനമെന്ന കുറഞ്ഞ പണിക്കൂലിയും ജിഎസ്ടി(മൂന്ന് ശതമാനം)യും പ്രകാരം 59,000 രൂപയെങ്കിലും നൽകേണ്ടിവരും.