ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചുഓണം ഞായറാഴ്ച ലോക്ഡൗണില്ല; ആറു ദിവസം എല്ലാ കടകളും തുറക്കാം, ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം
തിരുവനന്തപുരം: നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ അഴിച്ചുപണിത് സർക്കാർ. ടി പിആർ അടിസ്ഥാനത്തിലുള്ള നിലവിലെ നിയന്ത്രണം ഒഴിവാക്കി. പകരം ആയിരത്തിൽ എത്ര രോഗികൾ എന്നത് കണക്കിലെടുത്താവും ഇനിയുള്ള നിയന്ത്രണങ്ങൾ. നിയമസഭയിൽ ആരോഗ്യമന്ത്രി വീണാ ജോർജാണ് പുതിയ മാർഗനിർദേശം പ്രഖ്യാപിച്ചത്.
ശനിയാഴ്ചത്തെ ലോക്ഡൗണ്‍ പൂർണമായി ഒഴിവാക്കി. ഞായർ മാത്രം അടച്ചിടും. ഓഗസ്റ്റ് 15, ഓണത്തിന്റെ അവിട്ടം നാൾ എന്നീ ഞായറാഴ്ചകളിൽ ലോക്ഡൗണ്‍ ഉണ്ടാവില്ല. കടകളും വ്യാപാര സ്ഥാപനങ്ങളും ആഴ്ചയിൽ ആറു ദിവസവും തുറന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കും.
രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ കടകൾ തുറക്കാനാകും. കടകളിലെ ജോലിക്കാരും സാധനം വാങ്ങാൻ എത്തുന്നവരും ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തവരാകുന്നതാണ് അഭികാമ്യം. അല്ലെങ്കിൽ ഒരു തവണയെങ്കിലും കോവിഡ് വന്നു പൂർണമായി ഭേദമായവരാകണം.
കല്യാണത്തിനും മരണത്തിനും 20 പേർക്ക് പങ്കെടുക്കാം. ആരാധനാലയങ്ങളിൽ പരാമവധി 40 പേർക്ക് സംബന്ധിക്കാമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അറുപത് വയസിനു മുകളിലുള്ളവരുടെ വാക്സിനേഷൻ ഉടനെ പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.