ഇടനെഞ്ച് പൊട്ടി മകനും , മനസ്സ് നൊന്ത് പിതാവും ; സമൂഹ മാദ്ധ്യമങ്ങള് വഴി പ്രചരിക്കുന്നഅനാഥാലയത്തിലെ ഈ ചിത്രത്തിനു പിന്നിലൊരു കഥയുണ്ട്
അനാഥാലയത്തിലാക്കി മടങ്ങുന്ന മകനെ നോക്കി നിൽക്കുന്ന അച്ഛൻ , മിഴികളിൽ ഒരിറ്റ് നനവോടെയല്ലാതെ ആ ചിത്രം ആർക്കും കാണാനാകില്ല . ഒരുപക്ഷെ കണ്ണ് നിറഞ്ഞ് ചിത്രം മറഞ്ഞു പോയവരുമുണ്ട്. എന്നാൽ ആ ചിത്രത്തിനു പിന്നിൽ ഉള്ളുലയ്ക്കുന്ന മറ്റൊരു കഥയാണുള്ളത് . അല്ലാതെ കൈപിടിച്ച് വളർത്തിയ പിതാവിനെ കൈവിട്ട് കളഞ്ഞ മകന്റെ കഥയല്ല ആ ചിത്രം പറയുന്നത് .ആ ചിത്രം എന്തിന് പോസ്റ്റ് ചെയ്തു എന്ന് മനസ്സിലാക്കാതെ സ്വന്തം മനോധർമമനുസരിച്ച് പലരും ആ ചിത്രം പങ്ക് വച്ചു . അതിലൊക്കെ മകൻ സ്വന്തം അച്ഛനെ നോക്കാൻ തയ്യാറാകാത്ത വില്ലനായി . എന്നാൽ ചിത്രം ദുർവ്യാഖ്യാനിക്കപ്പെടുകയാണെന്ന് അത് പോസ്റ്റ് ചെയ്ത ബത് സേഥായുടെ നടത്തിപ്പുകാരൻ ഫാ. സന്തോഷ് പറയുന്നു.
അദ്ദേഹം പകർത്തിയ ചിത്രമാണ് സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിക്കുന്നത് . പത്തനംതിട്ട തണ്ണിത്തോട് സ്വദേശിയായ വൃദ്ധൻ ചിത്രം . അദ്ദേഹത്തിന്റെ മകൻ കുറച്ചു കാലമായി ഭാര്യയുമായി പിണങ്ങി ജീവിക്കുകയാണ് . തൃശൂർ ജില്ലയുടെ ഉൾപ്രദേശത്തെവിടെയോ വനമേഖലയ്ക്കടുത്ത് ടാപ്പിങ് ജോലിയാണ് മകന് . ജോലിയ്ക്ക് പോകുമ്പോൾ വീട്ടിൽ പിതാവ് ഒറ്റയാക്കാകും . കാട്ടിലേക്കു പിതാവിനെ കൊണ്ടുപോകാനുമാകില്ല . അങ്ങനെ വിവരം നാട്ടുകാർ പോലീസിനെ അറിയിച്ചു. മകനോട് പിതാവിനെ സുരക്ഷിതമായി എവിടെയെങ്കിലും ആക്കണമെന്നു നിർദേശിച്ചു. തുടർന്നാണ് ഗത്യന്തരമില്ലാതെ ആരോരും ആശ്രയമില്ലാത്ത വയോധികനായ പിതാവിനെ ബത് സേഥായിൽ എത്തിക്കുന്നത് .
ഗതികേട് കൊണ്ടാണ് അല്ലെങ്കിൽ ഒരിക്കലും ആ മകൻ പിതാവിനെ ഉപേക്ഷിക്കാൻ തയ്യാറാവില്ലായിരുന്നു . വിങ്ങിയ മനസ്സോടെ അകന്നു പോകുന്ന മകൻ കരയുന്നത് നോക്കി നിൽക്കുകയായിരുന്നു പടിവാതിൽക്കൽ ആ വൃദ്ധൻ . താൻ ജീവിച്ചിരിക്കെ മകന്റെ കണ്ണ് നിറയരുതെന്ന് പ്രാർത്ഥിക്കുന്ന ഏതൊരച്ഛനും അങ്ങനെ തന്നെയാകും . മകൻ പോയശേഷം പത്തു മിനിറ്റോളം കഴിഞ്ഞാണ് പിതാവ് നോട്ടം പിൻവലിച്ച് അകത്തേക്കു കയറിയത്. ഇതിനിടയിൽ ഫാ. സന്തോഷ് പകർത്തിയതായിരുന്നു ചിത്രം.