കണ്ണൂരിൽ അമ്മയും മകളും മരിച്ച നിലയിൽ; വോട്ടു ചെയ്തതിനു ശേഷം വീടിനു പുറത്തു കണ്ടവരില്ല
കണ്ണൂർ: അമ്മയെയും മകളെയും വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ
കൊറ്റാളിക്കാവിലെ സുനന്ദ(78), മകൾ ദീപ(48) എന്നിവരാണ് മരിച്ചത്. വീട്ടിൽ നിന്നു ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ എത്തി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തെരഞ്ഞെടുപ്പു നടന്ന വെള്ളിയാഴ്ചയാണ് ഇരുവരെയും ഏറ്റവും ഒടുവിൽ അയൽവാസികൾ കണ്ടത്. അതിനു ശേഷം ആരും അമ്മയെയും മകളെയും പുറത്തു കണ്ടിരുന്നില്ല. സമീപത്ത് നിരവധി വീടുകൾ ഉണ്ടെങ്കിലും ഇരുവർക്കും ആരുമായും വലിയ ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. സുനന്ദയുടെ ഭർത്താവ് വർഷങ്ങൾക്കു മുമ്പ് മരിച്ചിരുന്നു. ദീപ അവിവാഹിതയാണ്. ഇവരുടെ ബന്ധുക്കൾ കർണ്ണാടക, മംഗ്ളൂരു സ്വദേശികളാണ്. അമ്മയുടെയും മകളുടെയും മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.