അണങ്കൂറിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തല കീഴായ് മറിഞ്ഞു; മൂന്നുയാത്രക്കാർക്ക് പരിക്ക്; ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി
കാസർകോട്: കാസർകോട് അണങ്കൂറിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞു.
മൂന്നു യാത്രക്കാർക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ 9.15 ഓടെ ദേശീയപാത അണങ്കൂർ സ്കൗട്ട് ഭവന്
സമീപമാണ് അപകടം. കണ്ണൂരിൽ നിന്ന് കാസർകോട്ടെക്ക് വരികയായിരുന്ന സ്വകാര്യബസ് ആണ്
അപകടത്തിൽപെട്ടത്. ബിസി റോഡിൽ ഉദ്യോഗസ്ഥരെ ഇറക്കിയ ശേഷം മറ്റൊരു ബസിനെ
മറികടക്കാനായി അമിത വേഗതിയിലോടുകയായിരുന്നു. ഡ്രൈവറും കണ്ടക്ടറുമടക്കം ബസിൽ
ഏഴുപേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. ദേശീയ പാത നിർമാണം പൂർത്തിയായ റോഡിലൂടെ
അമിതവേഗതിയിൽ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.
ബസിലുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേറ്റു. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം
നടത്തുന്നതിനിടയിൽ ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി. കാഞ്ഞങ്ങാട് മുതൽ ബസ് അമിത
വേഗതയിലാണ് സഞ്ചരിച്ചതെന്ന് യാത്രക്കാർ പറയുന്നു. സിവിൽ സ്റ്റേഷനിലേക്കും
കോടതികളിലേക്കും മറ്റും പോകേണ്ട യാത്രക്കാരിൽ ഭൂരിഭാഗവും ബിസി റോഡ് സ്റ്റോപ്പിൽ
ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ കാസർകോട്ടെ സ്വകാര്യ
ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽപെട്ട ബസിനെ ക്രെയിൻ ഉപയോഗിച്ച് മാറ്റാനുള്ള
ശ്രമത്തിലാണ്. കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് നഗരത്തിൽ
ദേശീയ പാതയിൽ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.