രണ്ട് രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപണം; പത്ത് വയസുകാരനെ രാത്രി മുഴുവൻ കെട്ടിയിട്ട് തല്ലിച്ചതച്ച് കടയുടമ
ലക്നൗ: രണ്ട് രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ രാത്രി മുഴുവൻ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. ഉത്തർപ്രദേശിലെ ശ്രാവസ്തിയിലാണ് സംഭവം. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
പണം നൽകാതെ കടയിൽ നിന്നും ബിസ്കറ്റ് എടുത്ത് കഴിച്ചു എന്ന് ആരോപിച്ചാണ് കടയുടമ ബാബുറാം കുട്ടിയുടെ കയ്യും കാലും തുണികൊണ്ട് കെട്ടിയിട്ടത്. കടയുടമയും ഇയാൾക്കൊപ്പമുണ്ടായിരുന്ന മൂന്നുപേരും ചേർന്ന് കുട്ടിയെ നിഷ്കരുണം മർദിച്ചിട്ടും ആരും സഹായത്തിനായി മുന്നോട്ട് വന്നില്ല. അവർ ഈ ക്രൂരത നോക്കി നിൽക്കുകയായിരുന്നു. രാത്രി മുഴുവൻ ഇവർ കുട്ടിയെ അഴിച്ചുവിട്ടില്ല.
പട്ടിണി കിടന്ന കുട്ടി സഹായത്തിനായി നിലവിളിച്ചിട്ടും ആരും മുന്നോട്ടുവന്നില്ല. പിന്നീട് സ്വയംകെട്ടഴിച്ച കുട്ടി ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. മർദനമേറ്റ പത്ത് വയസുകാരനെ പൊലീസ് തെരയുകയാണ്. കുട്ടിയെ ഇതുവരെ കണ്ടെത്താനായില്ല. കടയുടമയെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ഇയാൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും പൊലീസ് പറഞ്ഞു.
മുമ്പ് കർണാടകയിലെ ഹാവേരിയിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. പലഹാരം മോഷ്ടിച്ചുവെന്നാരോപിച്ച് കടയുടമ പത്ത് വയസുകാരനെ തല്ലിച്ചതച്ചു. ക്രൂരമർദനത്തിനിരയായ കുട്ടി ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഹാവേരി ഉപ്പനാശി സ്വദേശിയായ ഹരിശയ്യയാണ് മരിച്ചത്. മാർച്ച് 16ന് കൂട്ടുകാരോടൊപ്പം പ്രദേശത്തെ ബേക്കറിയില്‍ പോയ കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി വരാഞ്ഞത് കണ്ടതോടെ മാതാപിതാക്കൾ പോയി നോക്കിയപ്പോഴാണ് കടയുടമ തടഞ്ഞു വച്ചിരിക്കുകയാണെന്ന വിവരം അറിഞ്ഞത്. കുട്ടി പലഹാരം മോഷ്ടിച്ചെന്നും മര്യാദ പഠിപ്പിക്കാനായി കുട്ടി വൈകിട്ട് വരെ ഇവിടെ നില്‍ക്കട്ടെയെന്നും കടയുടമ പറഞ്ഞു.
വൈകിട്ട് വീട്ടിലെത്തിയ കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് വരെ കടയുടമ മുതുകില്‍ വലിയ കല്ല് കെട്ടിവച്ച് ക്രൂരമായി മർദിച്ചെന്നും കൊല്ലാന്‍ ശ്രമിച്ചെന്നും കുട്ടി ആശുപത്രിയിൽ വച്ച് പറയുന്ന ദൃശ്യങ്ങളും നേരത്തെ സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചർച്ചയായിരുന്നു.