ബാങ്കിന്റെ ജപ്തി നടപടിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
തൃശൂർ: ബാങ്കിന്റെ ജപ്തി നടപടിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞാണി സ്വദേശി ചെമ്പൻ വീട്ടിൽ വിനയന്റെ മകൻ വിഷ്ണുവാണ് (26) ആത്മഹത്യ ചെയ്തത്. വീട് നിർമാണത്തിനായി എട്ടു ലക്ഷം രൂപ വിഷ്ണുവിന്റെ കുടുംബം ലോൺ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ വീട് ഒഴിയണം എന്ന് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടിരുന്നു. ജപ്തി നടപടി ഉടൻ ഉണ്ടാകുമെന്നും ബാങ്ക് അറിയിച്ചു. ഇതോടെയാണ് വിഷ്ണു കിടപ്പുമുറിയിൽ തൂങ്ങിമരിച്ചതെന്നാണ് പറയുന്നത്. 12 വർഷം മുമ്പാണ് വീട് വെക്കുന്നതിനായി ലോൺ എടുത്തത്. എട്ടു ലക്ഷം രൂപ വായ്പയെടുത്തിട്ടും 8,74,000 രൂപ തിരിച്ചടച്ചതായി വിഷ്ണുവിന്റെ കുടുംബം ആരോപിക്കുന്നു. ഇതിനിടെ കോവിഡ് പ്രതിസന്ധി വന്നതോടെ തിരിച്ചടവ് മുടങ്ങി. ആറു ലക്ഷം രൂപ കുടിശിക വന്നതോടെ വീട് ഒഴിയാൻ ബാങ്ക് ആവശ്യപ്പെട്ടിരുന്നുവെന്ന് വിഷ്ണുവിന്റെ ബന്ധുക്കൾ ആരോപിച്ചു. ഉടൻ പണം അടക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ നിരന്തരം ഭീഷണി മുഴക്കിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സാവകാശം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്നും ആക്ഷേപമുണ്ട്.