തൃശൂരില്‍ അപകടം; സ്കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു
തൃശൂർ: പുവ്വത്തൂരിൽ സ്കൂട്ടർ യാത്രക്കാരിയായ വിദ്യാർത്ഥിനി ടോറസ് ലോറി കയറി മരിച്ചു. പുവ്വത്തൂർ കാട്ടേരി വെട്ടിയാറ വീട്ടിൽ മധു അഭിമന്യുവിന്റെ മകൾ ദേവപ്രിയ (18) ആണ് മരിച്ചത്. പുവ്വത്തൂർ സുബ്രമണ്യ ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച്ച വൈകിട്ട് 6.10 നായിരുന്നു അപകടം. ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ ഒന്നാം വർഷ ബി.സി.എ വിദ്യാർത്ഥിനിയായ ദേവപ്രിയ കോളേജിൽ നിന്ന് എൻസിസി പരേഡ് കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. ദേവപ്രിയ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മറ്റൊരു സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലൂടെ വന്ന ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചു വീണ ദേവപ്രിയ അതേ ലോറി ദേഹത്ത് കയറിയാണ് മരിച്ചത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റു മോർട്ടം നടപടികൾക്കായി മാറ്റി.